← Memories
// Memories

അച്ചാച്ചന്റെ ഫസ്റ്റ് ലവ്

April 2, 2017 · 1 min read

"ലൗ ലെറ്ററോ?"
അന്നൊക്കെ പ്രേമം എന്നു പറയുന്നതുതന്നെ എന്തോ വലിയ പാപം ആയിരുന്നു വീട്ടുകാർക്കും നാട്ടുകാർക്കുമൊക്കെ. അതിലുപരി നാണക്കേടും.
പിന്നെയാ ലൗ ലെറ്റർ!
എന്നിട്ടും ഞങ്ങൾ പ്രണയിച്ചൂട്ടോ, ആരുമറിയാതെ..
തമ്മിൽ ഒന്നു മിണ്ടാൻ പോലും പറ്റാതിരുന്ന കാലത്ത് കണ്ണുകളിലൂടെ മാത്രം കൈമാറിയിട്ടുണ്ട് ഒരുപാട് ഇഷ്ടങ്ങൾ.

അച്ചാച്ചൻ ഇന്നും സ്മാർട്ടാണ്. റൊമാന്റിക്കാണ്.
അപ്പോപ്പിന്നെ അന്നത്തെ കാര്യം പറയേണ്ടതുണ്ടോ.
അമ്മൂട്ടി  കൗതുകത്തോടെ ആ മുഖത്തേക്ക് നോക്കി..
"ന്നിട്ട്?"

ഒരു കള്ളച്ചിരി അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു..
ആ ബ്ലാക്ക് & വൈറ്റ് കാലത്തെ ചില 'കളർഫുൾ' ഓർമ്മകളിലേക്ക് !

ഉത്സവത്തിനും പള്ളീൽ പെരുന്നാളിനുമൊക്കെ സ്വയം നെയ്തെടുത്ത അനുരാഗച്ചിറകുകളിൽ പറന്നു നടന്ന രണ്ടു മനസ്സുകൾ...
തമ്മിൽ തുറന്നു പറയും വരെയുള്ള നാളുകളിലാണ് പ്രണയം ശരിക്കും ഹൃദയത്തെ കീഴ്പ്പെടുത്തുക.
ആ വികാരത്തിന്
അടിമപ്പെടുക എന്നതോ, ഭൂമിയിലെ ഏറ്റവും മനോഹരമായ അനുഭൂതിയും.
സ്നേഹം നിറഞ്ഞു തുളുമ്പുന്ന നോട്ടങ്ങളിലും ചിരികളിലൂടെയും മാത്രം കടന്നുപോയത് സുന്ദരമായ ഒരു വർഷം.

അങ്ങനെ പറയാൻ മാത്രം ഒന്നൂല്ല, ഒരു ക്ളീഷേ ലവ്സ്റ്റോറി.
മ്മടെ മേലേപ്പാട്ടെ പുഴയരികിൽ കൂടെയുള്ള റോഡ് അറിയില്ലേ മോൾക്ക്?
അന്ന് അത് വെറുമൊരു നടപ്പാതയായിരുന്നു.
അവിടെവെച്ചാണ് ആദ്യമായിട്ട് ഞങ്ങള് മിണ്ടുന്നത്.
പിന്നത് പതിവായി. ആരൊക്കെയോ പറഞ്ഞ് അവടെ വീട്ടിൽ അറിഞ്ഞപ്പോ എല്ലാം നിന്നു.

ഒരുപാട് തവണ ശ്രമിച്ചു ഒന്നു കാണാൻ, മിണ്ടാൻ.
ഒന്നും നടന്നില്ല.
പിന്നെയൊരു സുഹൃത്ത് പറഞ്ഞാണ് അറിയുന്നത്, അവളെ അവളുടെ അമ്മയുടെ വീട്ടിലേക്ക് നാടുകടത്തിയതായും അവിടെ വെച്ച് ഒരു കൂട്ടർ വന്ന് അവളെ പെണ്ണുകണ്ടു പോയതും ഒക്കെ.

"അപ്പോ??? അപ്പൊ അതുകഴിഞ്ഞ് നിങ്ങൾ സംസാരിച്ചില്ലേ???"

ഉം. കല്യാണത്തിന് മുന്പ് ഒരുതവണ. അതേ പുഴക്കരയിൽ വെച്ച്.. അന്നെന്നോടവൾ കരഞ്ഞുകൊണ്ട് പറഞ്ഞു; എല്ലാം മറക്കണമെന്ന്!

"അച്ചോടാ.. ന്റെ പാവം അച്ചാച്ചനെ ആ ദുഷ്ട നൈസായിട്ട് അങ്ങ് ഒഴിവാക്കിക്കളഞ്ഞു അല്ലേ..
പോട്ടെട്ടോ.
അതുകൊണ്ടെന്താ, ന്റെ അച്ഛമ്മയെപ്പോലെ ഒരു സുന്ദരിക്കുട്ടിയെ കിട്ടീല്ലേ കൂട്ടിന്!"
അച്ഛമ്മയെ ചേർത്തുപിടിച്ചുകൊണ്ടവൾ പറഞ്ഞു..

"അച്ചാച്ചാ, ന്നിട്ട് ആ കക്ഷിയെ പിന്നെ കണ്ടിട്ടേയില്ലാ???"

അമ്മൂട്ടി ആ ചോദ്യം ചോദിക്കുമ്പോൾ ഏഷ്യാനെറ്റിൽ ഉസ്താദ് ഹോട്ടൽ സിനിമ നടക്കുവാണ്;
തിലകൻ ചേട്ടന്റെ ഡയലോഗ്: "മോനേ ഫൈസീ, ആ ഹൂറി ആരാന്നറിയോ അനക്ക്? അന്റെ ഉമ്മൂമ്മ!!!"

അച്ചാച്ചനും അച്ചമ്മയും മുഖത്തോടു മുഖം നോക്കി ചിരിച്ചു, അതിശയത്തിൽ വിടർന്ന കണ്ണുകളോടെ അവളും!
(bgm)
"വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നീലേ..."

-ദീപക്-

Read this original post on Facebook


💬 Add a comment to this post

Your comment goes straight to Deon — nothing shows up here until he has reviewed it.

Add a comment →


Share this post
0

You may also like

← All Memories